02 സെപ്റ്റംബർ 2011

മേല്‍ക്കൂര



അവളുടെ
സ്വപ്നങ്ങള്‍
കടമെടുത്ത്‌
മേല്‍ക്കൂര
മേഞ്ഞതിനാല്‍
മാത്രമായിരിക്കാം
പെയ്തതൊക്കെയും
പുറത്തു പോകാതെ
ജീവിതം
ചോര്‍ന്നൊലിച്ചു
തീര്‍ന്നു പോയത്‌ ,,,,,,,









31 ഓഗസ്റ്റ് 2011

വിവരാവകാശം.................!

                                                                                                                                                                                                                
                               ഓഫീസിലെ
                             നഷ്ടപ്പെട്ട
                             ഉച്ചയുറക്കം
                             തിരിച്ചു കിട്ടാന്‍
                             ബാഗില്‍നിന്നു
                             ഉറക്കഗുളിക
                             തപ്പിയെടുത്ത്
                             മിനറല്‍ വാട്ടറിന്‍റെ
                             കുപ്പി തുറന്നപ്പോള്‍

                              രണ്ടു 
                              പരല്‍മീനുകള്‍
                              പുറത്തു ചാടി
                              ഫയലുകള്‍
                                                 പരതി നോക്കി.....................
                              
                             
                            

28 ഓഗസ്റ്റ് 2011

കോരനു കഞ്ഞി ഗൂഗിളില്‍ തന്നെ.............!

 കാണം വിറ്റ
കാശിനു
ഓര്‍ക്കുട്ടില്‍
പൂക്കളം തീര്‍ത്തു
കോരന്‍......

ഫേസ്ബുക്കില്‍
ഡിജിറ്റല്‍ സദ്യയും
നല്‍കി
മുടിഞ്ഞു കോരന്‍


കോരനു കഞ്ഞി
ഗൂഗിളില്‍ തന്നെ........

03 ജൂൺ 2011

കവി ഹൃദയം





കാത്തു സൂക്ഷിക്കുവാനായ്‌

ഞാന്‍

ചില്ലിട്ടു നല്‍കിയ
എന്‍റെ ഹൃദയം
എന്നോട് പറയാതെ
കെട്ടിയവള്‍
പുരാവസ്തു വകുപ്പിനു
കൈമാറിയിരിക്കുന്നു..........

27 മേയ് 2011

പുനര്‍വായന





ഡാര്‍വിന്‍,

താങ്കള്‍ക്ക്
തെറ്റിപ്പോയതാണ്...!
മാനവവംശത്തില്‍
നിന്നും
അപമാനഭാരത്താല്‍
സ്വയം പരിണമിച്ചു
കുലം വിട്ടവരായിരുന്നു
വാനരവംശം...!

26 മേയ് 2011

വേരുകള്‍


കാഴ്ചകള്‍
കണ്ടാല്‍
കണ്ണുകള്‍
പൊട്ടുമെന്ന
ഭയത്താല്‍
മണ്ണിനടിയില്‍
അഭയം
തേടിയ
മൃദുല
മനസ്കര്‍

25 മേയ് 2011

കരിങ്കണ്ണാ നോക്ക്

കടല്‍ത്തീരത്ത്
വെച്ചു
കടല
പൊതിഞ്ഞു
തന്ന
കടലാസിലെ
ചരമ കോളത്തിന്‍
നടുവിലിരുന്ന
എന്‍റെ കെട്ടിയവള്‍
എന്നെ നോക്കി
പല്ലിളിച്ചു
വിളിച്ചു പറഞ്ഞു


കരിങ്കണ്ണാ നോക്ക്!

24 മേയ് 2011

ആത്മഹത്യ

വിജനമായ തെരുവിലൂടെ
ഉച്ചഭാഷിണിയില്‍
അയാള്‍ വിളിച്ചു പറഞ്ഞു
ഞാന്‍ മരണപ്പെട്ട
വിവരം നാട്ടുകാരെയും
ബന്ധുമിത്രാധികളെയും
അറിയിക്കുന്നതോടൊപ്പം
എന്‍റെ പേരിലുള്ള
മരണാനന്തര ചടങ്ങുകള്‍
നാളെ രാവിലെ പത്തിന്........
                                   


                                 ഫൈസല്‍.കെ

23 മേയ് 2011

നിയമസഭ

രാജാവ്
നഗ്നനാണെന്നു
വിളിച്ചു പറയാന്‍
ഭയക്കുന്നവര്‍ക്ക്
കാലം
ജനങ്ങളാല്‍
പണി തീര്‍ത്തൊരു
അഭയകേന്ദ്രം

സ്വാതന്ത്ര്യം

ജീവിത
നിഘണ്ടുവില്‍
സ്വാതന്ത്ര്യമെന്ന
പദത്തിനു മാത്രം
അര്‍ഥം
കണ്ടെത്തിയില്ല

ഉത്തരാധുനികത

  കരക്കടിഞ്ഞ
തിമിംഗലത്തിന്‍
വായ തുറന്നു
നോക്കിയപ്പോള്‍
കണ്ടത്
ഒരു ബീഡിക്കുറ്റി
ഉരതി തീര്‍ന്ന 
രണ്ടു മൂന്നു
തീപ്പെട്ടി കമ്പുകളും

                         രാമചന്ദ്രന്‍ കെ

22 മേയ് 2011

ഉത്ഘാടനം


ഊതിക്കാച്ചിയ
സ്വര്‍ണ്ണവും,
ആത്മീയതയും
തമ്മിലുള്ള
അംശബന്ധം.........
പൊന്നിന്‍കടയുടെ
ഉത്ഘാടനത്തില്‍
ശിഷ്ടമില്ലാതെ
ബന്ധനത്തിലാണ്

പൊതുപ്രവര്‍ത്തനം



വോട്ടഭ്യര്‍ത്തിച്ചു
നാട്ടിന്‍പുറത്തെ
പൊതുവായനശാലയുടെ
വെള്ള പൂശിയ മതിലില്‍
പതിച്ചിട്ടു പോയ
പരസ്യങ്ങള്‍ക്കിടയില്‍


"പരസ്യം പതിക്കരുതെന്ന"

അക്ഷരക്കൂട്ടുകള്‍ക്ക് മാത്രം
അവകാശികളില്ലായിരുന്നു.....
......

ഷന്‍ഡീകരണം..............



അന്ന്
ഡിപ്പാര്‍ട്ടുമെന്‍റ്
ലൈബ്രറിയിലെ
അലമാര
തുറന്നപ്പോള്‍
ഉത്തരാധുനികതാ
കവിതാ സമാഹാരത്തിനു
പിന്നില്‍ നിന്നും
പ്രത്യുല്‍പ്പാദനശേഷി
രഹിതരായ
രണ്ടു ഇണക്കൂറകള്‍
പുറത്തേക്കു ചാടി
ആലിംഗനത്തില്‍
മുഴുകി.......................

സാമ്യത.................!

നിഴലും
രാഷ്ട്രീയക്കാരനും
ഒരമ്മ പെറ്റ
മക്കളാണ്
അതുകൊണ്ടായിരിക്കാം
ഒന്നിനെ തന്നെ
പിന്തുടര്‍ന്ന്
ഇരുവരും
കളങ്ങള്‍
മാറ്റി ചവിട്ടുന്നതും
പല കോലങ്ങളായ്
ആടുന്നതും.......................!

പ്രണയം..................


                                  

                                  പുഴ തന്‍ ഗദ്ഗദം
                                  കടത്തുകാരനറിയാതെ
                                  കടത്തു തോണിയോട്
                                  പങ്കു വെച്ചിരുന്നത്,
                                  ഓളവും തോണിയും
                                  കടത്തുക്കാരനെ
                                  പുഴയിലെറിഞ്ഞു,
                                  പരസ്പരം
                                  അലിഞ്ഞു ചേര്‍ന്നപ്പോള്‍
                                  മാത്രമായിരുന്നു

                                  നാട്ടുക്കാരറിഞ്ഞത്.......................

അവശേഷിപ്പുകള്‍

അച്ഛന്‍റെ കൂടെ
മുത്തച്ചന് വേണ്ടി
അപേക്ഷ വാങ്ങാന്‍
പോയ സമയത്ത്
വൃദ്ധസദനത്തില്‍
നിന്നും,ആരും കാണാതെ
അപേക്ഷ മോഷ്ടിച്ചിരുന്നു....
അച്ഛനു വേണ്ടി
കരുതി വെക്കാനായ് 
                                                ആശിക്.എ

19 മേയ് 2011

ഹര്‍ത്താല്‍..........

പരീക്ഷണ ശാലയുടെ
ഇടതു മൂലയില്‍
അവകാശികളില്ലാതെ
കിടന്നിരുന്ന
എല്ലിന്‍കൂടാരം
ആത്മാവില്ലാതെ
നാട്ടിന്‍ പുറത്ത്‌

ആത്മാവ് തേടി

അലഞ്ഞുതിരിഞ്ഞു
നടപ്പാണ്...................!


കാത്തിരിപ്പ്‌







മരണം വിളികള്‍
കേള്‍ക്കുവാനായ്‌
മാത്രം
കാത്തിരുന്ന ഞാന്‍


ശവ ദാഹത്തിന്‍റെ
സുഗന്ധം
ആസ്വദിക്കാനായ്‌
അവളും............!

06 മേയ് 2011

വിഭാഗീയത

അധികാരത്തിന്‍റെ
അപ്പക്കഷ്ണം
പാടുന്ന കാക്ക
കൊതിയനാം
കുറുക്കന്‍...
അമ്മിണി
ടീച്ചറുടെ കഥ
കേട്ടു മടുത്ത
കോരന്‍
കുംബിളുമെടുത്തു
ഉച്ചകഞ്ഞി 
തേടിപ്പോയി

ന്യായം

ഒടുവിലെന്നെ
കണ്ണില്‍
ചോരയില്ലാത്തവനെന്നു
കുറ്റപെടുത്തിയവരോട്;
കേരളമെന്നു കേട്ട്
ഞെരമ്പുകളില്‍
ചോര തിളപ്പിച്ചതിനാല്‍
വറ്റിപ്പോയതായിരുന്നു
ഈ കരിങ്കണ്ണുകള്‍.............!

26 ഏപ്രിൽ 2011

കരയുന്ന ഗാന്ധി.........

കീടനാശിനിയുടെ
വക്താക്കളായ്‌,
ഗാന്ധിസം എന്ന പേരില്‍
പൊതുപ്രവര്‍ത്തനത്തിനു
അധികാരിവര്‍ഗം
കൈപ്പറ്റിയ
പ്രതിഫലങ്ങളില്‍
കരഞ്ഞു കലങ്ങിയ
കണ്ണുകളോടു കൂടിയ
ഗാന്ധി തന്‍
മുഖപടങ്ങളായിരുന്നു,
കടലാസു നോട്ടിന്‍റെ
മറുപുറത്ത് കാണാമായിരുന്ന
പതിനഞ്ചു ഭാഷകളിലും
പ്രകടിപ്പിക്കാനാവാത്ത
സങ്കടത്താലായിരുന്നു
മഹാത്മാവന്നു
മുഖപടത്തിനു വേണ്ടി
പോസ് ചെയ്തത്.

എന്‍ഡോസള്‍ഫാന്‍


ഒടുവില്‍
കാസര്‍ഗോട്ട്
പാര്‍ട്ടി കാര്യാലയത്തിനു
പിന്നില്‍ വെച്ച്
ഗോദോയെ
ഞാന്‍ കണ്ടുമുട്ടി,
കാഴ്ചയില്ലാത്ത
ചിലര്‍ക്ക്
കണ്ണട നല്കാന്‍
വന്നപ്പോള്‍
എത്തിപ്പെട്ടത്
അവിടെയാണത്രേ..............!

24 ഏപ്രിൽ 2011

അരിപ്രശ്നം.........



നട്ടുച്ചക്ക്
റേഷന്‍കാര്‍ഡും സഞ്ചിയും
കക്ഷത്ത് വെച്ച്
പോളിംഗ് ബൂത്തില്‍ ചെന്ന
വോട്ടില്ലാത്ത ജീവന്‍
മുന്നിലിരുന്ന
തെരഞ്ഞെടുപ്പുദ്യോഗസ്തനെ
തുറിച്ചു നോക്കി കൊന്നു........

അരി നല്കാത്തതിനുള്ള
പ്രധിഷേധമെന്നു
പ്രതിപക്ഷ കക്ഷികള്‍.................
അന്നം മുടക്കികളോടുള്ള
പ്രതികാരമെന്നു
ഭരണ കക്ഷികള്‍.................
തങ്ങളുടെ'അരിപ്രശ്നത്തെ'
പരിഗണിക്കാത്തതിനെതിരെയുള്ള
പ്രതികരണമെന്നു
മതസംഘടനാ നേതാക്കള്‍.............
ഇരുമുന്നണികളും
അരിപ്രശ്നം
വോട്ടാക്കി മാറ്റാന്‍
ശ്രമിച്ചതിന്‍റെ പരിണിതഫലമെന്ന്
മൂന്നാം കക്ഷികള്‍..........
ജാതി അടിസ്ഥാനത്തില്‍
അരി വിതരണം
ഏര്‍പ്പെടുത്താത്തതിനുളള
അമര്‍ഷമെന്നു
ജാതിസംഘടനകള്‍...............
വോട്ടെണ്ണി കഴിഞ്ഞാല്‍
പ്രതികരിക്കാമെന്ന്
സാംസ്കാരിക വിമര്‍ശകര്‍.........

ജീവന്‍റെ
ഇരു കണ്ണുകള്‍ക്കും
കാഴ്ച്ചയില്ലെന്ന
നഗ്നസത്യം
റേഷന്‍ രേഖയില്‍
മാത്രം അവശേഷിച്ചു..............
.

പുനര്‍വായന


ഡാര്‍വിന്‍,

താങ്കള്‍ക്ക്
തെറ്റിപ്പോയതാണ്...!
മാനവവംശത്തില്‍
നിന്നും
അപമാനഭാരത്താല്‍
സ്വയം പരിണമിച്ചു
കുലം വിട്ടവരായിരുന്നു
വാനരവംശം...!

23 ഏപ്രിൽ 2011

അര മാര്‍ക്ക്‌..... !



      അനുസരണക്കേട്  
     കാണിച്ചതിനാല്‍,

   ഡിപ്പാര്‍ട്ടുമെന്‍റ്
           ആര്‍ക്കും ലഭിക്കാത്ത
അര മാര്‍ക്ക്
      ഇന്‍റെണല്‍  നല്‍കി
                 എന്നെ ആദരിച്ചു............